ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് 'കൊറവേലനാടായി' എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോല്‌ബോലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചൽ മുദ്രയിൽ ' കൊറവിലങ്ങാട് ' എന്നു ചേര്ത്തിറരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന 'കുറവ് ഏലക്കാട്' ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയര്ന്നാ പ്രദേശം എന്നര്ത്ഥംവ വരുന്ന തമിഴ് വാക്ക് ' എല്ലക്കോട് 'ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാൾ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവർ അഭിപ്രായപ്പെടുന്നു.
ഭരണപരമായി തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ൽ വേണാട്ടു രാജാക്കന്മാതർ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും തിരുവിതാംകൂർ രാജ്യഭരണത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഒരു തീർത്ഥാടനകേന്ദ്രമാണ് ഇവിടുത്തെ മർത്ത് മറിയം ഫെറോനാ പള്ളി. എ.ഡി 345 ൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്നുനോമ്പു തിരുനാൾ വളരെയേറെ പ്രസിദ്ധമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള ക്രൈസ്തവ സമൂഹത്തിന് ഈ നാടിന്റെ ചിത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. മാർത്തോമാ ശ്ലീഹായിൽനിന്നും ക്രസ്തുമതം സ്വീകരിച്ച പാലയൂർ ഗ്രാമീണരായ കള്ളി, കാളികാവ്, പകലോമറ്റം, ശങ്കരപുരി എന്നീ ബ്രാഹ്മണ കുടുംബക്കാർ എ.ഡി. ആദ്യ ശതകത്തിൽ കുറവിലങ്ങാട് എത്തിചേർന്നുവെന്നും അന്ന് ഏറ്റുമാനൂർ ദേവസ്വം വകയായിരുന്ന ഈ സ്ഥലത്ത് വീടുവച്ച് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനും ദേവസ്വത്തിൽ നിന്നും സ്ഥലം അനുവദിച്ചു കൊടിത്തിരുന്നു വെന്നും ഐതിഹ്യമുണ്ട്. ഏറ്റുമാനൂർ ദേവസ്വത്തിന്റെയും ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ബ്രഹ്മസ്വങ്ങളുടെയും ഇടപ്രഭുക്കന്മാരുടെയും സഹായസഹകരണത്തോടെ കാർഷിക മേഖലകളിൽ നസ്രാണികൾക്ക് വളരെ പുരോഗതിയുണ്ടായി.
സമുദായ സൌഹാർദ്ദത്തിന്റെയും കൂട്ടായ്മയുടെയും ഒരുത്തമ ഉദാഹരണമായിരുന്നു ആദിമ നൂറ്റാണ്ടുകളിലെ ഈ പ്രദേശത്തെ ജനജീവിതം. ഹൈന്ദവ നസ്രാണി സമുദായങ്ങൾ തുടർന്നുവന്നിരുന്ന മതസൌഹാർദ്ദത്തിന്റെ മകുടോദാഹരണമാണ് കുറവിലങ്ങാട് മർത്ത് മറിയം പള്ളിയിലെ മൂന്നു നൊയമ്പ് തിരുനാളിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയിൽനിന്നും മുത്തുകുടകൾ കൊടുത്തയക്കുകയും ചെയ്തിരുന്നു എന്നുള്ളത്. ഈ പള്ളിയിലെ വികാരിയായിരുന്ന റവ.ഫാദർ നിധീരിക്കൽ മാണിക്കത്തനാർ എന്ന മഹത് വ്യക്തിയാണ് 'നസ്രാണി ദീപിക' എന്ന മലയാള ദിനപത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റർ. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും വിലയേറിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റവ.ഫാദർ നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാടിന്റെ സാംസ്‌ക്കാരിക ചരിത്രത്തിൽ എന്നെന്നും അവിസ്മരണീയനാണ്. ഏകദേശം 2000 കൊല്ലത്തിനു മേൽ പഴക്കംചെന്ന കാളികാവ് ദേവീക്ഷേത്രം, അതിപുരാതനമായ കോഴാ നരസിംഹസ്വാമിക്ഷേത്രം, കോഴാ മല്ലപ്പള്ളിൽ കാവ്, വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രം, ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാദേവർ ക്ഷേത്രം, ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരീയ്ക്കൽ മഹാദേവക്ഷേത്രം കളത്തൂർ, ക്രിസ്തുരാജ പള്ളി ജയഗിരി, നസ്രത്തുഹിൽ പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. പഞ്ചായത്തിലെ അവനാകുഴി എന്ന സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന 'മുനിയറ'യുണ്ട്.
ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ് പ്രധാന മതവിഭാഗങ്ങൾ. കുറവിലങ്ങാട് പഞ്ചായത്തിൽ ആദ്യത്തെ മലയാളം സ്‌കൂൾ ആരംഭിച്ചത് കോഴായിലുള്ള നിധിയിരിക്കൽ കുടുംബവക ആറായ്ക്കൽ കെട്ടിടത്തിലാണ്. പുരാതന കേരളത്തിന്റെ ഈണങ്ങളായ കൊയ്ത്തു പാട്ട്, തോറ്റം പാട്ട്, മാർഗ്ഗം കളിപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകളുടെ ഈരടികൾ മനസ്സിൽ സൂക്ഷിക്കുന്നവരും കോൽകളി, കടുവാകളി, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങൾ അഭ്യസിച്ചവരും ഈ ഗ്രാമത്തിലുണ്ട്.
റ്റി.ഡി. ദേവസ്യാ മെമ്മോറിയൽ, കുറവിലങ്ങാട് പഞ്ചായത്ത് ലൈബ്രറി, കളത്തൂരിൽ പ്രവർത്തിക്കുന്ന പഞ്ചായത്തു സാംസ്‌കാരിക നിലയം എന്നീ രണ്ടു സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്. ക്ഷേത്രങ്ങളിലും മറ്റു ദേവാലയങ്ങളിലെല്ലാം തന്നെ ഉത്സവങ്ങളും മറ്റു തിരുനാളുകളും വളരെ ആഘോഷമായി നടത്താറുണ്ട്. സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാനകലകളും കാവടിയാട്ടവും വളരെയേറെ ആകർഷകമാണ്. നമ്മുടെ പഞ്ചായത്തിൽ അഞ്ചോളം പബ്ലിക് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജേസീസ് ക്ലബ്ബ്, വൈസ്‌മെൻസ് ക്ലബ്ബ്, കുറവിലങ്ങാട് ക്ലബ്ബ് എന്നീ സംഘടനകൾ സജീവമായിത്തന്നെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ വിവിധ സാമുദായിക സംഘടനകളും സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചു വരുന്നു. വി.വി.നാരായണൻ നമ്പൂതിരി, വെള്ളായിപ്പറമ്പിൽ വി.എം.മാണി, കെ.ടി.മാണി, കാരാംവേലിൽ ഉലഹന്നൻ ചാമക്കാലാഓരം, ചെറിയാൻ ആശാരിപ്പറമ്പിൽ, ജെ. വേമ്പന്ന, കെ.ഗോവിന്ദൻ എളുക്കുന്നൻ, കെ.സി.കുമാർ കാരയ്ക്കൽ തുടങ്ങിയവർ ഈ പ്രദേശത്തുള്ള ആദ്യകാല സ്വാതന്ത്ര്യസമരസേനാനികളാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സാൻഫ്രാൻസിസ്കോയിൽ സമ്മേളിച്ച ഐക്യനാടു സഭയിൽ ഭാരതത്തെ പ്രതിനിധീകരിച്ച പ്രതിനിധി പി. ജെ. തോമസ് ഈ ഗ്രാമത്തിലുള്ള പാറേക്കുന്നേൽ കുടുംബാംഗമാണ്. 1953 ൽ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായി സ്ഥാനമേറ്റ വെള്ളായിപ്പറമ്പിൽ വി. യു. ഉതുപ്പ് ഈ നാടിന്റെ വികസന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയാണ്.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്‌ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്. 22.93 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഞീഴൂർ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് മരങ്ങാട്ടുപിള്ളി, കടപ്‌ളാമറ്റം പഞ്ചായത്തുകൾ, പടിഞ്ഞാറ് മാഞ്ഞൂർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ, തെക്ക് കാണക്കാരി, മാഞ്ഞൂർ, കടപ്‌ളാമറ്റം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്.